മൂലമറ്റം: വൈദ്യുതി ലൈനിൽ ഉണ്ടായ അമിത വോൾട്ടേജ് മൂലം വീട് കത്തിനശിച്ചു. മണപ്പാടി കുഴികുത്ത്യാനി ഡയാനയുടെ വീടാണ് കത്തിയത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. വീടിനകത്തെ ഫ്രിഡ്ജിനു തീപിടിച്ചു കത്തി പൊട്ടിതെറിച്ച് വീട്ടുപകരണങ്ങൾ എല്ലാം നശിക്കുകയായിരുന്നു. വീട്ടിൽ ആൾത്താമസം ഇല്ലാതിരുന്നത് ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള മറ്റൊരു വീട്ടിലേയും വൈദ്യതി ഉപകരണങ്ങൾ കത്തിനശിച്ചു. അടുത്തുണ്ടായിരുന്ന തയ്യൽക്കടയിലെ തയ്യൽ മെഷീനും കത്തിനശിച്ചു. അടുത്ത് നിരവധി വീടുകളിലും വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചതായി പറയുന്നു.
ഡയാന പൊട്ടനാനിക്കൽ സെബാസ്റ്റ്യൻ എന്നയാൾക്ക് വീട് വാടകയ്ക്കു കൊടുത്തിരിക്കുകയായിരുന്നു. സെബാസ്റ്റ്യൻ വീട്ടിൽ ഇല്ലാതിരുന്നപ്പോഴാണ് അപകടം, ഇതിനാൽ ആളപായം ഉണ്ടായില്ല . മൂലമറ്റം സെക്ഷന്റെ കീഴിൽ ദിവസേന നിരവധി തവണയാണ് അമിത വോൾട്ടേജ് ഉണ്ടാകുന്നത്. അപ്രതീക്ഷമായി വോൾട്ടേജ് കൂടുന്നത് മൂലം ഇലക്ട്രിക് ഉപകരണങ്ങൾ പലതും നശിക്കുകയാണ്.